പാലക്കാട് : സാമ്പത്തിക ക്രമക്കേടിൽ സി. പി. എം അന്വേഷണം നേരിടുന്ന പാലക്കാട് ജില്ലാ കമ്മറ്റി അംഗം പി. എ ഗോകുൽദാസിന്റെ ഭീഷണി പ്രസംഗം വൈറലാകുന്നു. തനിക്ക് എതിരെ പ്രവർത്തിക്കുന്നവർക്കും , മാദ്ധ്യമങ്ങൾക്കുമാണ് ഗോകുൽദാസിന്റെ ഭീഷണി.
“കാരിരുമ്പിന്റെ ശക്തിയെ , അതിന്റെ ഉള്ളിൽ അണഞ്ഞു കത്തുന്ന തീയിനെ കൊടുത്താൻ ഒരു പിന്തിരിപ്പൻ ശക്തിക്കും കഴിയില്ല.അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും , ആളിക്കത്താൻ ഇടവരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു”.
“ജില്ലാ കമ്മറ്റിയെ ഒറ്റിക്കൊടുക്കുന്നവർക്കും, കട്ടപ്പമാർക്കും തത്കാലം വിജയിക്കാം. പക്ഷെ ബാഹുബലി ജയിക്കും. കട്ടപ്പമാർ പിന്നിൽ നിന്നും കുത്തുമ്പോഴും ബാഹുബലി ജനിച്ച്കൊണ്ടേയിരിക്കും.”
“പിന്തിരിപ്പൻമാരുടെ കൈയും, തലയും വെട്ടിയെടുത്ത് വരുന്ന ബാഹുബലിയുടെ ചിത്രം ഉണ്ടാകും . അങ്ങനെ വീണു പോകില്ലെന്ന് മാധ്യമങ്ങളും , ഇരുട്ടിൽ പോസ്റ്റർ ഒട്ടിക്കുന്നവരും മനസിലാക്കണം.”
“ഇ. കെ നായനാരെ പോലെ നാടിനായി ജീവിച്ചവരെ വ്യക്തിഹത്യ നടത്തും. കമ്മ്യൂണിസ്റ്റുകൾ അതിനെ അതിജീവിക്കും. നിങ്ങളുടെ ഭീഷണികൾക്ക് മുൻമ്പിൽ മുട്ടുമടക്കില്ല . തലകുനിക്കുമെന്ന് ഒരു പിന്തിരിപ്പൻമാരും , മാദ്ധ്യമങ്ങളും വിചാരിക്കേണ്ട. തീയിൽ കുരുത്തതാണ്, കാറും, കോളും ഉള്ള കടലിൽ വഞ്ചിയിറക്കിയാണ് ശീലം. എതിരെ നീന്തി ശിലമുള്ളവരാണ് .ചൊറിയാൻ വരരുത്, അത് താങ്ങില്ല.”
കഴിഞ്ഞ ദിവസം ഗോകുൽ ദാസിനെതിരെ ഫ്ലക്സ്ബോർഡുകൾ ഉയർന്നിരുന്നു. ഈ വിഴുപ്പ് താങ്ങാൻ മാർക്സിസ്റ്റ് പാർട്ടിക്ക് ആകുമോ എന്ന പേരിലാണ് കോങ്ങാട് ഭാഗത്ത് ഫ്ലക്സ് ഉയർന്നത്.രക്തസാക്ഷി കെ.സി ബാലകൃഷ്ണന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുൽ ദാസ് എന്ന് ഫ്ലക്സിൽ പറഞ്ഞിരുന്നു. കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും ബോർഡിലുണ്ട്. കോങ്ങാട് വിവിധ സ്ഥലങ്ങളിൽ വെച്ച ബോർഡുകൾ സിപിഎം പ്രവർത്തകർ എടുത്തു മാറ്റി
നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് വി.എസ് പക്ഷക്കാരനായിരുന്ന പിഎ ഗോകുൽദാസ്. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ഇയാൾ മത്സരിച്ചിരുന്നു. 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമാണ് ഗോകുൽദാസിന് ലഭിച്ചത്. ഇയാൾ മുൻപ് മുണ്ടൂരിൽ സിപിഎമ്മിനെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് സിപിഎം ൽ[അല്ല തന്ത്രങ്ങൾ ഉപയോഗിച്ച് ഗോകുൽദാസിനേയും ശിങ്കിടികളെയും അനുനയിപ്പിച്ച് നിർത്തുകയായിരുന്നു.















