കൊച്ചി: ഇഡിക്കെതിരായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ ആരോപണവുമായി പ്രവാസി വ്യവസായി കുഞ്ഞുമോൻ റോയൽസ്. അനീഷ് ബാബു ഫ്രോഡാണെന്നും താൻ അടക്കമുള്ളവരിൽ നിന്നും 15 കോടിയോളം തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
അനീഷ് ബാബു പക്കാ ഫ്രോഡാണ്. അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല അഞ്ച് വർഷം മുമ്പ് അനീഷ് ബാബുവിനെതിരെ ക്രൈംബ്രാഞ്ചിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും കുഞ്ഞുമോൻ പറഞ്ഞു.
കുഞ്ഞുമോന്റെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് അനീഷ് ബാബുവിനെതിരെ ഇഡി നീക്കം നടത്തിയത്. കൊല്ലം സ്വദേേശിയാണ് കുഞ്ഞുമോൻ റോയൽസ്. ടാൻസാനിയയിൽ നിന്നും കുറഞ്ഞ വിലയ്‌ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്ത് തരാമെന്ന് പറഞ്ഞ് 14.37 കോടി അനീഷ് ബാബു തട്ടിയെടുത്തെന്നാണ് കുഞ്ഞുമോന്റ പരാതി. കാശ് കിട്ടാതെ വന്നതോടെ ആദ്യം ക്രൈംബ്രാഞ്ചിനെയും 2021 ൽ ഇഡിയേയും കുഞ്ഞുമോൻ സമീപിച്ചു.
2020 മുതൽ അനീഷ് ബാബുവിനെതിരെ 5 കേസുകളിൽ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒന്നിൽ പോലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അനീഷ് ബാബുവിന് സംസ്ഥാന സർക്കാരിലും പൊലീസിലും ശക്തമായ പിടിപാടുണ്ട്..
അതേസമയം 2020ൽ പൊലീസ് അനീഷ് ബാബുവിനെ അറസ്റ്റു ചെയ്തിരുന്നു. ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയാണ് അനീഷ് ബാബു. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.