ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തി അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലും എത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ ഷിപ്പ്‌യാർഡ് ഉൾപ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു. കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് അയച്ചതായാണ് വിവരം.
യുദ്ധകപ്പലുകളുടെ ഉൾപ്പെടെ അറ്റകുറ്റപണികൾ നടക്കുന്ന ഷിപ്പ്‌യാർഡ് സന്ദർശനം ഏറെ ദുരൂഹത വർദ്ധിപ്പിക്കുന്നു. മൂന്ന് മാസം മുമ്പ് ഫെബ്രുവരിയിലാണ് ജ്യോതി മൽഹോത്ര കൊച്ചിയിലെത്തിയത്. ഈ ചിത്രങ്ങളെല്ലാം പാകിസ്താന് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ജ്യോതിയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. തുടർന്നാണ് ഇവർ കൊച്ചിയിലും എത്തിയതായി കണ്ടെത്തിയത്.
തൃശൂർ, കണ്ണൂർ, കോഴിക്കോട്, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലേക്കാണ് യാത്ര ചെയ്തത്. കണ്ണൂരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യൂട്യൂബിൽ പങ്കുവക്കാത്ത പല വിവരങ്ങളും ജ്യോതി മൽഹോത്ര മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
പാകിസ്താന്റെ വിവിധ ചാരഗ്രൂപ്പുകളുമായി ജ്യോതി മൽഹോത്രയെ ബന്ധപ്പെടുത്തിയിരുന്നത് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷാണ്. ഇയാളുമായി ജ്യോതിക്ക് അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്കും ജ്യോതി യാത്ര ചെയ്തതായി സ്ഥിരീകരിച്ചു. ജ്യോതി ഉൾപ്പെടെയുള്ള പ്രമുഖ യൂട്യൂബർമാരെ ഐഎസ്ഐ റിക്രൂട്ട് ചെയ്തിരുന്നതായാണ് വിവരം. ചൈന, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ജ്യോതിയുടെ സന്ദർശനവും അന്വേഷിച്ചുവരുന്നുണ്ട്.