പുറത്തായിട്ടും പരിഭവമില്ല! ടീമിനൊപ്പം കളിച്ച് ചിരിച്ച് സഞ്ജീവ് ഗോയങ്ക; താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പോസ്റ്റ്

Published by
Janam Web Desk

ലഖ്‌നൗ: തിങ്കളാഴ്ച ഏകാന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫ് കാണാതെ പുറത്തതായി. എന്നാൽ എൽഎസ്ജി ഉടമ സഞ്ജീവ് ഗോയങ്ക, ഋഷഭ് പന്തിനും സഹതാരങ്ങൾക്കുമൊപ്പം ചേർന്ന് സന്തോഷകരമായ ഒരു മാനസികാവസ്ഥയിലാണ് കാണപ്പെട്ടത്. ടീമിന് സീസൺ എത്ര കഠിനമായിരുന്നുവെന്ന് ഗോയങ്ക സമ്മതിച്ചു, പക്ഷേ അടുത്ത രണ്ട് മത്സരങ്ങൾ ജയിച്ച് തലയുയർത്തി മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ടീം ഉടമ പറഞ്ഞു.

മത്സരശേഷം തന്റെ ടീമിനൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കിട്ട സഞ്ജീവ് ഗോയങ്ക താരങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന വരികളും കുറിച്ചു. “സീസണിലെ രണ്ടാം പകുതി വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ആവേശം, പരിശ്രമം, മികവിന്റെ നിമിഷങ്ങൾ എന്നിവ നമുക്ക് ഒരുപാട് കാര്യങ്ങൾ പടുത്തുയർത്താൻ നൽകുന്നു. രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. നമുക്ക് അഭിമാനത്തോടെ കളിച്ച് ശക്തമായി ഫിനിഷ് ചെയ്യാം.”

സ്വന്തം തട്ടകത്തിൽ എൽഎസ്ജി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന വിജയലക്ഷ്യമുയർത്തിയെങ്കിലും അഭിഷേക് ശർമ്മയുടെ ഉജ്ജ്വല അർദ്ധസെഞ്ച്വറിയും ഇഷാൻ കിഷൻ (35), ഹെൻറിച്ച് ക്ലാസൻ (47), കമിന്ദു മെൻഡിസ് (32*) എന്നിവരുടെ സംഭവനകളുമായതോടെ സൺറൈസേഴ്‌സ് അനായാസം ലക്ഷ്യം പിന്തുടർന്നു. മൊഹ്‌സിൻ ഖാനും മായങ്ക് യാദവിനും പരിക്കേറ്റത് തങ്ങളുടെ പ്രകടനത്തെ ബാധിച്ച ഒരു പ്രധാന ഘടകമാണെന്ന് മത്സരത്തിനു ശേഷം എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്ത് ചൂണ്ടിക്കാട്ടി

Share
Leave a Comment