മുംബൈ: ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 872.98 പോയിന്റ് കുറഞ്ഞ് 81,186.44 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി50 261.55 പോയിന്റ് കുറഞ്ഞ് 24,683.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് എറ്റേണല്‍ ആണ്, 4.10% ഇടിവ്. മാരുതി സുസുക്കി ഇന്ത്യ 2.76% നഷ്ടം നേരിട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരികള്‍ 2.13% ഇടിഞ്ഞു. അള്‍ട്രാടെക് സിമന്റ് 2.04%, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2.01% എന്നിങ്ങനെ ഇടിഞ്ഞു. അതേസമയം ടാറ്റാ സ്റ്റീല്‍ 0.73% നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ് 0.08% ഉം ഐടിസി 0.07% ഉം നേട്ടമുണ്ടാക്കി.
തിങ്കളാഴ്ച ബ്രോഡ് മാര്‍ക്കറ്റുകളും നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി മിഡ്ക്യാപ് 100 1.46% ഇടിഞ്ഞു, നിഫ്റ്റി സ്മോള്‍ക്യാപ് 100 0.82% ഇടിഞ്ഞു. ഇന്ത്യ വിക്‌സ് 0.33% ഉയര്‍ന്നതോടെ അസ്ഥിരതയും വര്‍ദ്ധിച്ചു. ഇത് നിക്ഷേപകരില്‍ വര്‍ദ്ധിച്ച ആശങ്കയെ സൂചിപ്പിക്കുന്നു. മിഡ്ക്യാപ്, സ്മോള്‍ക്യാപ് സെഗ്മെന്റുകളിലെ കുത്തനെയുള്ള ഇടിവ് സൂചികയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചതായി പ്രോഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗര്‍ പറഞ്ഞു.
നഷ്ടം വ്യാപകം
നിഫ്റ്റിയിലെ എല്ലാ പ്രധാന മേഖലാ സൂചികകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ 1.96% കുത്തനെ ഇടിഞ്ഞു, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 1.27% ഇടിഞ്ഞു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.22% ഇടിഞ്ഞു, നിഫ്റ്റി ഫാര്‍മ 1.23% നഷ്ടവും നിഫ്റ്റി എഫ്എംസിജി 1.17% ഇടിവും രേഖപ്പെടുത്തി.
വില്‍പ്പനക്കാരായി എഫ്‌ഐഐ, ഡിഐഐ
യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് എഎഎ യില്‍ നിന്ന് എഎ1 ലേക്ക് താഴ്‌ത്തിയ മൂഡീസിന്റെ നടപടിയെ ഇന്ത്യന്‍ വിപണി ഗൗരവത്തിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകരും (എഫ്‌ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) ഓഹരികള്‍ വിറ്റഴിച്ചിരുന്നു. എഫ്‌ഐഐകള്‍ 526 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ഡിഐഐകള്‍ 238 കോടി രൂപയുടെ ഓഹരികളും വിറ്റു. ഇതിന്റെ ബാക്കിപത്രമാണ് ചൊവ്വാഴ്ചത്തെ വന്‍ വില്‍പ്പനയില്‍ ദൃശ്യമായത്.
ലാഭമെടുപ്പ്
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം കഴിഞ്ഞയാഴ്ച വിപണിയിലുണ്ടായ വലിയ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാന്‍ തുടങ്ങിയതും വിപണി ഇടിയാന്‍ കാരണമായി. കഴിഞ്ഞ ഒന്‍പതു സെഷനുകളിലായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 27.3 ലക്ഷം കോടി രൂപ ഉയര്‍ന്നിരുന്നു.
പോസിറ്റീവ് ട്രിഗറുകളുടെ അഭാവവും യുഎസിന്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള അനിശ്ചിതത്വവും നിഴലിച്ചപ്പോള്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യാന്‍ തീരുമാനിച്ചെന്നും ജാഗ്രതയോടെയുള്ള നിലപാട് സ്വീകരിച്ചുവെന്നും ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്‌സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ പറഞ്ഞു.
‘ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ കൂടുതല്‍ വ്യക്തതയ്‌ക്കായി നിക്ഷേപകര്‍ കാത്തിരുന്നതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദം വ്യാപകമായിരുന്നു. ഓഹരികളുടെ നിലവിലെ ഉയര്‍ന്ന വിലയും വ്യാപാര കരാറിലെ കാലതാമസവും കണക്കിലെടുക്കുമ്പോള്‍, ഹ്രസ്വകാലത്തേക്ക് ഒരു കണ്‍സോളിഡേഷന്‍ ഘട്ടം ഞങ്ങള്‍ മുന്‍കൂട്ടി കാണുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വമ്പന്‍ ഓഹരികളായ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി തുടങ്ങിയവിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ പിന്നോട്ടടിച്ചു.
ഇന്തോനേഷ്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവും ജാഗ്രതയോടെയാണ് വിപണി കാണുന്നത്.