അഹമ്മദാബാദ്: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ഗുജറാത്തിലെ നാദിയാദ് സ്വദേശികളായ ജാസീം ഷാനവാസും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിന് പുറമേ സോഷ്യൽമീഡിയ വഴി പ്രതികൾ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ തകർക്കാൻ ശ്രമിക്കുകയും ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (DDOS) ആക്രമണങ്ങൾ നടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ പ്രതികൾ ടെലഗ്രാമിലൂടെ പങ്കുവച്ചതായും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ ലക്ഷ്യമിടുന്ന ഹാക്കർമാരെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. പിടികൂടിയവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ‘EXPLOITXSEC’, ‘ELITEXPLOIT’ എന്നീ പേരുകളിൽ രണ്ട് ടെലഗ്രാം ചാനലുകൾ പ്രതികൾക്കുണ്ടായിരുന്നു. ഇതിലൂടെ ഹാക്ക് ചെയ്യുന്നതിന്റെ ഓരോ നീക്കങ്ങളെ കുറിച്ച് പങ്കുവച്ചിരുന്നു. ഈ രേഖകളും പിടിച്ചെടുത്തു.
പ്ലസ്ടു വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതികൾ ആറ്, എട്ട് മാസത്തിനുള്ളിലാണ് ഹാക്കിംഗിനെ കുറിച്ച് പഠിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൈത്തൺ, പൈഡ്രോയിഡ്, ടെർമക്സ് തുടങ്ങിയ ടൂളുകളും ഭാഷകളും ഉപയോഗിച്ച് യൂട്യൂബിൽ നിന്നാണ് ഹാക്കിംഗ് ടെക്നിക്കുകൾ പഠിച്ചത്. ഇരുവരും ഇന്ത്യക്കെതിരെ പോസ്റ്റുകൾ പ്രചരിപ്പിച്ചതായും കണ്ടെത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.