തിരുവനന്തപുരം : വ്യാജ മാല മോഷണക്കേസ് ആരോപിച്ച് ദളിക് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്‌ക്ക് സസ്പെൻഷൻ. പേരുർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെയാണ് സസ്പെൻഡ് ചെയ്തത്. ആനാട് സ്വദേശിനിയായ ബിന്ദുവിന്റെ പരാതിയിലാണ് നടപടി. ബിന്ദുവിനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ എസ്ഐ പ്രസാദിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി പീഡിപ്പിച്ചതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞിരുന്നു. ഒരു തുള്ളി വെള്ളം പോലും നൽകാതെ 20 മണിക്കൂറോളമാണ് ബിന്ദുവിനെ ചോദ്യം ചെയ്തത്. പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്യൽ തുടർന്നിരുന്നു. ബിന്ദുവിന്റെ വീട്ടിലെത്തിച്ചും ചോദ്യം ചെയ്തു. ഇതിനിടെ പല തവണ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം 23-നായിരുന്നു സംഭവം. അമ്പലമുക്കിലുള്ള വീട്ടിലെ ജോലിക്കാരിയായിരുന്നു ബിന്ദു. വീട്ടിൽ നിന്ന് രണ്ട് പവന്റെ മാല മോഷണം പോയിയെന്ന് ആരോപിച്ച് വീട്ടുടമയായ ഓമന പേരുർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പൊലീസുകാർ ജോലിക്കാരിയായ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പിന്നാലെ ബിന്ദുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസിന്റെ ക്രൂരത തുടർന്നു. ഇവരെ വിവസ്ത്രയാക്കിയും പരിശോധിച്ചിരുന്നു. എഎസ്ഐ ഉൾപ്പെടെയുള്ളവർ മാലക്കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ബിന്ദു പറഞ്ഞു.















