ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരൻ അമീർ ഹംസയ്‌ക്ക് സുരക്ഷയൊരുക്കി പാക് സൈന്യം. പരിക്കേറ്റ ഭീകരനെ ലാഹോറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന അമീർ ഹംസ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്.
വീടിനുള്ളിൽ വച്ച് അമീർ ഹംസന് വെടിയേൽക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ലഷ്‌കർ ഭീകരൻ അബു സൈഫുള്ളയെ പാകിസ്താനിൽ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണിത്. ഐക്യരാഷ്‌ട്രസഭ ഭീകരരായി പ്രഖ്യാപിച്ച ലഷ്‌കർ ഭീകരസംഘടനയിലെ ഹാഫിസ് സയീദുമായും അബ്ദുൾ റഹ്മാൻ മക്കിയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
തടവിലായ ഭീകരരുടെ മോചനത്തിനുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അമീർ ഹംസ. ലഷ്കർ സംഘടനയിൽ നിന്ന് മാറി ജമ്മുകശ്മീർ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജെയ്ഷെ- ഇ മൻഖാഫ എന്ന പേരിൽ മറ്റൊരു ഭീകരവാദ ഗ്രൂപ്പും ഇയാൾ തുടങ്ങിയിരുന്നു. പിന്നീട് പാകിസ്താനിലേക്ക് പോയ അമീർ ഹംസ വീണ്ടും ലഷ്കർ ഭീകരരുമായി ചേർന്ന് പ്രവർത്തിച്ചു.
ഭീകരരെ സംരക്ഷിക്കുന്നില്ലെന്ന് ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്ന പാകിസ്താൻ, കൊടും ഭീകരൻ ഹാഫിസ് സെയ്ദിന് സംരക്ഷണം നൽകുകയും വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ വീണ്ടും ഭീകരരെ സംരക്ഷിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.