തൃശൂർ: ചാവക്കാട് ദേശീയപാത 66ൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തിലാണ് വിള്ളൽ ദൃശ്യമായത്. പാലം നിർമ്മാണം പൂർത്തിയായിവരുന്ന പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് ഏകദേശം അമ്പത് മീറ്റർ നീളത്തിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്.നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല.പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.
ഇവിടെ നിർമാണത്തിനിടെ കഴിഞ്ഞ മാസം പാലം ഇടിഞ്ഞ് ക്രെയിൻ റോഡിലേക്ക് വീണിരുന്നു. വടക്കൻ കേളത്തിൽ വ്യാപകമായി ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സർവിസ് റോഡും തകർന്നത്. അപകടത്തിൽ രണ്ട് കാറുകൾ തകരുകയും നാല് പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളലുണ്ടായി.ചൊവ്വാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു.
ചാവക്കാട് മണത്തലയിലെ വിള്ളലിന്റെ ദൃശ്യങ്ങൾ ഇന്നലെ വൈകിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു.വിള്ളലിലൂടെ വെള്ളം ഇറങ്ങി മലപ്പുറത്ത് ഉണ്ടായത് പോലെ പാലം തകരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.















