ഇസ്ലാമാബാദ്: പാക് പട്ടാളമേധാവി ജനറൽ അസിം മുനീറിന് സ്ഥാനക്കയറ്റം. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക റാങ്കായ ഫീൽഡ് മാർഷൽ സ്ഥാനത്തേക്കാണ് അസിം മുനീറിന് പാക് സർക്കാരിന്റെ പ്രമോഷൻ. ഇന്ത്യയുടെ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിട്ടും പരാജയം ആഘോഷമാക്കി വിജയം തങ്ങളുടേതെന്ന് അവകാശപ്പെട്ട ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിന്റെ പുതിയനീക്കം പാക് ജനതയെപോലും അമ്പരപ്പിച്ചിരിക്കുകയാണ്.
പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘർഷത്തിൽ പാകിസ്താൻ സായുധ സേനയെ വിജയകരമായി നയിച്ചതിൽ മുനീറിന്റെ “മാതൃകാപരമായ പങ്കിനാണ്” സ്ഥാനക്കയറ്റം ലഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതവളങ്ങളിൽ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്ത് തരിപ്പണമാക്കി. പാകിസ്താന്റെ പ്രത്യാക്രമണങ്ങൾ ശക്തമായി ചെറുത്ത് തോൽപ്പിച്ച ഇന്ത്യ 11 പാക് വ്യോമതാവളങ്ങൾക്കും മറ്റ് സൈനിക കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഇതിനുപിന്നാലെ പാകിസ്താൻ വെടിനിർത്തൽ ചർച്ചകൾക്കായി ഇന്ത്യയെ സമീപിക്കുകയായിരുന്നു. എന്നാൽ സംഘർഷത്തിൽ പാകിസ്താൻ വിജയം അവകാശപെടുമ്പോൾ ഇന്ത്യ വിവിധ വേദികളിൽ ശക്തമായ തെളിവുകൾ നിരത്തി അവരുടെ നുണകൾ പൊളിച്ചടുക്കുകയാണ്.