ന്യൂഡൽഹി: വഖ്ഫ് മതേതര കാഴ്ചപ്പാടെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. പാർലമെന്റ് പാസാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിൽ മുസ്ലിങ്ങളുടെ അനിവാര്യമായ ഒരു മതാചാരത്തിന്റെയും ലംഘനമുണ്ടായിട്ടില്ല. ഭൂമി ദാനം ചെയ്യലും മതപരമായി സമർപ്പിക്കലും എല്ലാം മതത്തിലുമുണ്ട്. വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കുമെന്നത് വ്യാജ പ്രചാരണമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. വഫ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളിൽ മറുവാദം പുരോഗമിക്കുകയാണ്. 145 പേജുകളുള്ള കുറിപ്പാണ് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചത്.
വഖഫ് ഇസ്‍ലാം മതത്തിന്റെ അനിവാര്യതയല്ല. വഖ്ഫ് ബോർഡ് ഒരു മതപരമായ ചടങ്ങിന്റെയും ഭാഗമല്ല. മൗലിക അവകാശത്തിന്റെ പട്ടികയിലും ഇതില്ല. വഖ്ഫ് ബോർഡും രാജ്യത്ത് നിലനിൽക്കുന്ന നിയമത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കാനാണ് ഭേദഗതി കൊണ്ടുവന്നത്.
140 കോടി പൗരന്മാരുടെ സ്വത്തിന്റെ സൂക്ഷിപ്പുകാരനാണ് സർക്കാർ. പൊതു സ്വത്ത് നിയമവിരുദ്ധമായി വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്ർറെ കടമയാണ്. വഖ്ഫ് നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമുണ്ട്. ജോയിന്റ് പാർലമെന്ററി കമ്മിറ്റി നീണ്ട പഠനത്തിലൊടുവിലാണ് ഭേദഗതി തയ്യാറാക്കിയതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
Leave a Comment