ആഗ്ര: പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് കനത്ത തിരിച്ചടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന് ആദരമർപ്പിച്ച് കരകൗശല വിദഗ്ധർ. പ്രധാനമന്ത്രിയുടെ ശിലാചിത്രം നിർമ്മിച്ചാണ് ആഗ്രയിലെ ഒരു സംഘം മുസ്ലിം കരകൗശല വിദഗ്ധരുടെ ആദരവ്. കല്ലിൽ തീർത്ത പ്രധാനമന്ത്രിയുടെ മൊസൈക്ക് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
“മൊസൈക്കിന് രണ്ടര അടി ഉയരവും മൂന്നടി വീതിയുമുണ്ട്. ബെൽജിയം, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന കല്ലുകളാണ് ഞങ്ങൾ ഇത് സൃഷ്ടിക്കാൻ ഉപയോഗിച്ചത്. താജ്മഹലിൽ കാണുന്ന സങ്കീർണ്ണമായ കല്ല് കൊത്തിയെടുത്തതിന് സമാനമായി, മൊസൈക്കും സൂക്ഷ്മതയോടെ കൊത്തിയെടുത്തിട്ടുണ്ട്,” കലാസൃഷ്ടിയെക്കുറിച്ച് വിവരിച്ചുകൊണ്ട് സംഘത്തെ നയിച്ച ഇസ്രാർ പറഞ്ഞു.
ആറ് മുസ്ലീം കലാകാരന്മാരുടെ ഒരു സംഘം 15 ദിവസംകൊണ്ടാണ് മൊസൈക്ക് പൂർത്തിയാക്കിയത്. “പാകിസ്താനെ ഒരു പാഠം പഠിപ്പിച്ച ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി ഒരു അവിസ്മരണീയ കലാസൃഷ്ടി സൃഷ്ടിക്കാനുള്ള ആഗ്രഹമായിരുന്നു ശിലാചിത്രത്തിന് പിന്നിൽ. പ്രധാനമന്ത്രിയെ കാണാനും കലാസൃഷ്ടി അദ്ദേഹത്തിന് സമർപ്പിക്കാനും ഉടൻ തന്നെ ഒരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൊസൈക്ക് കമ്മീഷൻ ചെയ്ത അദ്നാൻ ഷെയ്ഖ് പറഞ്ഞു.