ബെംഗളൂരു: ബെംഗളൂരുവിലെ റെയില്‍വേ പാലത്തിന് സമീപം സ്യൂട്ട്കേസിൽ കുത്തിനിറച്ച നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള പഴയ ചന്ദപൂർ റെയിൽവേ പാലത്തിന് സമീപം നിന്നാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്.
പിങ്ക് കുർത്തിയും കറുത്ത പാന്റും ധരിച്ച 18 വയസ്സ് പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 11.30 ഓടെ പ്രദേശവാസികളാണ് നീല നിറത്തിലുളള ട്രോളി ബാഗ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
ഹൊസൂർ-ചന്ദപുര റോഡിലെ റെയിൽവേ പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ഈ സ്യൂട്ട്കേസ് പ്രതികൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞിരിക്കാമെന്നു പൊലീസ് പറയുന്നു. മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്തിയില്ല, സ്ത്രീയുടെ പേര്, പ്രായം, സ്വദേശം തുടങ്ങിയ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
പ്രതികൾ ഇരയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ അവൾ ബോധരഹിതയായി വീണതിനുശേഷം, മരിച്ചുവെന്ന് കരുതി ശരീരം ട്രോളി ബാഗിൽ കുത്തി നിറച്ചിരിക്കണം എന്നാണ് പോലീസിന്റെ നിഗമനം .ട്രോളി തുറന്നപ്പോൾ, മൃതദേഹത്തിന്റെ മൂക്കിൽ നിന്നും വായിൽ നിന്നും വലിയ അളവിൽ കഫം കണ്ടതിനാൽ ട്രോളിയിൽ നിറയ്‌ക്കുമ്പോൾ ഇരയ്‌ക്ക് ജീവനുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ഇര ജീവിച്ചിരിക്കുമ്പോൾ മാത്രമേ കഫം പുറത്തുവരൂ എന്നതാണ് ഈ നിഗമനത്തിനു കാരണം.
ബെംഗളൂരു സൂര്യ സിറ്റി പൊലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആറ്റിബെലെയിലെ യാദവനഹള്ളിയിലുള്ള ഓക്സ്ഫോർഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.