ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു. നേപ്പാൾ സ്വദേശിയായ അന്‍സാരുൾ മിയാ അന്‍സാരി പിടിയാലതോടെയാണ് പദ്ധതി പാളിയത്.
കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ വച്ചാണ് അൻസാരി അറസ്റ്റിലായത്. പാക് ചാരൻ ഡൽഹിയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് അന്‍സാരി പിടിയിലാകുന്നത്. പിടിയിലായ ജ്യോതി മൽഹോത്രയടക്കമുള്ള വ്ലോഗർമാർക്ക് അന്‍സാരിയുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളും കേന്ദ്ര ഏജന്‍സികൾക്ക് ലഭിച്ചു.
ഐഎസ്ഐക്ക് വേണ്ടി പദ്ധതി ആസൂത്രണം ചെയ്യാനാണ് അന്‍സാരുൾ മിയാ അന്‍സാരി ഡൽഹിയിൽ എത്തിയത്. ഇയാളുടെ സഹായിയായ ഝാർഖണ്ഡ് സ്വദേശി അഖ്‌ലാഖ് അസമിനെയും പൊലീസ് മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ള വ്ലോഗർമാരെയും ചോദ്യം ചെയ്തതിലൂടെയാണ് ഗൂഢാലോചനുടെ കൂടുതൽ തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
ഖത്തറിൽ ജോലി ചെയ്യുന്ന സമയത്താണ് അന്‍സാരുൾ മിയാ അന്‍സാരി പാക് ചാരസംഘടനയുടെ ഏജന്റായി മാറുന്നത്. 2024 ജൂണിൽ പാകിസ്താൻ സന്ദർശിച്ചിരുന്നു. ഈ സമയത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരെയും കണ്ടിരുന്നുവെന്നാണ് വിവരം. ഇരുവരെയും തിഹാറിലെ അതി സുരക്ഷാ ജയിലിലാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്.