നല്ല ജോലിയും ഉയർന്ന ശമ്പളവും മനുഷ്യന് സന്തോഷവും സംതൃപ്തിയും നൽകുമോ? അതോ സന്തോഷവും സംതൃപ്തിയും നൽകുന്ന ജോലികളോ കരിയറോ ഉണ്ടോ? ഇതിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. എസ്റ്റോണിയയിൽ നിന്നുള്ള പഠനത്തിൽ വ്യക്തമാക്കുന്നത് ജോലിയിൽ നിങ്ങൾക്ക് സന്തോഷം നൽകുന്നത് വിവിധ ഘടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ്. സ്വാതന്ത്ര്യവും വ്യത്യസ്തതകളും അതിൽ പ്രധാനമാണ്. എസ്റ്റോണിയയിലെ ടാട്ടു സർവകലാശാലയിലെ ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്.
263 വിവിധ തരം ജോലികളെ പഠനത്തിന് വിധേയമാക്കുകയും 59,000 പേരിൽ നിന്ന് വിവര ശേഖരണം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകുന്ന ജോലി പുരോഹിതന്മാരുടേതാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെ ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. ഡോക്ടർമാർ, നഴ്സുമാർ എന്നിവരും. എഴുത്തുകാരും തൊഴിലിൽ ഏറെ സന്തോഷിക്കുന്നവരാണ്.
എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയെന്ന് തോന്നുന്നവർക്കോ മറ്റുള്ളവരെ സേവിക്കുന്നവർക്കോ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വലിയ ജോലിയും ഉയർന്ന ശമ്പളത്തിലും ലഭിക്കില്ലെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ കെറ്റ്ലിൻ ആനി വ്യക്തമാക്കുന്നത്.സെയിൽസും വെയിറ്റർമാരായും സെക്യുരിറ്റി ജീവനക്കാരായും ജോലി ചെയ്യുന്നവർക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകില്ല.
ചിട്ടയായ റൊട്ടീനിൽ ജോലി ചെയ്യുന്ന ഫാക്ടറി ജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കും സംതൃപ്തിയില്ല. ഉയർന്ന സ്റ്റാറ്റസുള്ള കോർപ്പറേറ്റ് മാനേജർമാരും ഈ ഗണത്തിലാണ്. സമ്മർദവും നിയന്ത്രണമില്ലാത്ത ജോലിയും അവരെ സന്തോഷമില്ലാത്തവരാക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർ ഏറെ സംതൃപ്തരാണ്. അവർക്ക് സ്വാതന്ത്ര്യം ആവശ്യത്തിലേറെയുണ്ട്. ഉയർന്ന പദവികളിൽ ഇരിക്കുന്നെങ്കിൽ പോലും സ്വാതന്ത്ര്യമില്ലായ്മയും സമ്മർദവും അവരെ അസംതൃപ്തരാക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.