ചെന്നൈ: ശീതളപാനീയത്തിൽ കിടന്ന ഗ്ലാസ് കഷ്ണം അബദ്ധത്തിൽ ചവച്ച പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസ് ക്യൂബെന്ന് കരുതിയാണ് പെൺകുട്ടി ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസൺ ബോട്ടിൽ എന്ന കമ്പനിയുടെ ഡ്രിംഗ്സാണ് കുട്ടി കുടിച്ചത്. കമ്പനിക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. ഏപ്രിൽ 27-നായിരുന്നു സംഭവം. ഐസ് ക്യൂബാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്ലാസ് കഷ്ണം കുട്ടി ചവച്ചരച്ചത്. മോണയും ചുണ്ടും മുറിഞ്ഞ് രക്തം വാർന്നതോടെയാണ് ഗ്ലാസ് കഷ്ണമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ കുട്ടിക്ക് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫ്രോസൺ ബോട്ടിൽ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ കമ്പനി പരാതി തള്ളിക്കളയുകയാണ് ചെയ്തതെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ആശുപത്രി ചെലവുകൾ വഹിക്കാമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ പ്രതിമാസം 2.5 കോടി കുപ്പികൾ നിർമിക്കാറുണ്ടെന്നും ഇതുപോലെയൊരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി പ്രതികരിച്ചു.
പെൺകുട്ടി കുടിച്ച ഡ്രിംഗ്സിന്റേയും ഗ്ലാസ് കഷ്ണത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
Leave a Comment