ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

Published by
Janam Web Desk

ചർമ്മത്തിന്റെ നിറം മങ്ങുമെന്ന് പേടിച്ച് വെയിലേൽക്കാതെ നടന്ന യുവതിയുടെ അസ്ഥികൾ ഒടിഞ്ഞു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംഭവം. കിടക്കയിൽ ഉറക്കത്തിൽ തിരിഞ്ഞ് കിടക്കവെയാണ് 48 വയസുകാരിയുടെ എല്ലിന് ഒടിവ് സംഭവിച്ചത്. വർഷങ്ങളായി സൂര്യപ്രകാശം ഏൽക്കാതിരുന്നതാണ് ഈ പരിക്കിന് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.

സ്ത്രീയെ ചികിത്സിക്കുന്ന ഡോക്ടർമാർ രോഗാവസ്ഥയുടെ വിശദാംശങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ചർമ്മത്തിൽ ‘സൺ ടാൻ’ അടിക്കാതിരിക്കാൻ സ്ത്രീ ചെറുപ്പകാലം മുതൽക്ക് തന്നെ വെയിൽ ഏൽക്കുന്നത് ഒഴിവാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പുറത്തിറങ്ങിയാൽ ഷോർട്ട് സ്ലീവ് വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. വെളുത്ത ചർമ്മം നിലനിർത്താൻ അവർ പ്രത്യേകം ശ്രദ്ധാലുവായിരുന്നു.

ഈ അതിരുകടന്ന ജീവിതശൈലി യുവതിയുടെ ശരീരത്തിൽ വിറ്റാമിൻ ഡി അപകടകരമാം വിധം കുറയുന്നതിനിടയാക്കി. കാൽസ്യം ആഗിരണം ചെയ്യുന്നതിലും അസ്ഥികളുടെ ശക്തി നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കാൻ വിറ്റാമിൻ ഡി ശരീരത്തിൽ ലഭ്യമാകണമെങ്കിൽ സൂര്യപ്രകശം ചെറിയ അളവിലെങ്കിലും കൊണ്ടിരിക്കണം. എന്നാൽ അസ്ഥികളുടെ ബലം ക്ഷയിച്ചുപോകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥയിലൂടെയാണ് സ്ത്രീ കടന്നുപോകുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇത് ശരീരത്തിന്റെ ചെറിയ ചലനം പോലും ഒടിവുകൾക്ക് കാരണമാകുന്ന തരത്തിൽ അസ്ഥികൾ ദുർബലമാക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

 

Share
Leave a Comment