കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

Published by
Janam Web Desk

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെടെയുള്ളവർക്കെതിരായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി ഇന്നും റെയ്ഡ് നടത്തി.

പരമേശ്വരയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ സിദ്ധാർത്ഥ എഞ്ചിനീയറിംഗ് കോളേജ്, സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ കോളേജ് എന്നിവിടങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

റാവുവിന്റെ അക്കൗണ്ടുകളിലേക്ക് “വ്യാജ” സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കേസിൽ ഹവാല ഓപ്പറേറ്റർമാരെ ലക്ഷ്യമിട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സംസ്ഥാനത്തെ 16 സ്ഥലങ്ങളിൽ ബുധനാഴ്ച ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.

മാർച്ച് 3 ന് ദുബായിൽ നിന്ന് എത്തിയ രന്യറാവു ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ അവരെ കസ്റ്റഡിയിലെടുക്കുകയും 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം ഭാരമുള്ള സ്വർണ്ണക്കട്ടികൾ പിടിച്ചെടുക്കുകയും ചെയ്തു. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതി ചൊവ്വാഴ്ച റാവുവിനും കൂട്ടുപ്രതിയായ തരുൺ കൊണ്ടാരു രാജുവിനും ജാമ്യം അനുവദിച്ചു.

എന്നാൽ കോഫെപോസ കേസ് ഉള്ളതിനാൽ രന്യ റാവു ജയിലിൽ തന്നെ തുടരും. കോഫെപോസ പ്രകാരം, അത്തരം പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കാം.

Share
Leave a Comment