ന്യൂഡൽഹി : ടിബറ്റിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4 .2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 9:27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പിൽനിന്ന് 20 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.1 ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് എൻസിഎസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ചകളിൽ ടിബറ്റിൽ തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 23 ന് ഈ മേഖലയിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. മെയ് 8ന് ഇതേ പ്രദേശത്ത് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മെയ് 12 ന് 5.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.
ബുധനാഴ്ച ലഡാക്കിലെ ലേയിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി 11:46 ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.
മധ്യപ്രദേശിലെ ബേതുലിൽ ബുധനാഴ്ച പുലർച്ചെ റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചിരുന്നു. പുലർച്ചെ 2:59 ന് അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് പറഞ്ഞു.