ലക്നൗ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റിൽ. യുപിയിലെ വാരണാസിയിൽ താമസിക്കുന്ന തുഫൈലാണ് അറസ്റ്റിലായത്. പാകിസ്താനിലെ ഭീകരസംഘടനകളെ പിന്തുണക്കുന്നവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ ഗ്രൂപ്പുകൾ വഴി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
രാജ്യത്തെ തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പങ്കുവക്കുകയും ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നീക്കങ്ങൾ കൈമാറുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പാകിസ്താനിലെ നിരവധി വ്യക്തികളുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. പാകിസ്താനിലെ ഭീകരസംഘടനയായ തെഹാരീക് ഇ ലബൈക്കിലെ തലവൻ മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോകൾ യുവാവ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ചിരുന്നു.
ബാബറി മസ്ജിദ് സംഭവത്തിൽ പ്രതികാരം വീട്ടുക, ഭാരതത്തിൽ ശരിയത്ത് നിയമം നടപ്പിലാക്കുക തുടങ്ങിയ സന്ദേശങ്ങളും ഇയാൾ ഗ്രൂപ്പുകളിലേക്ക് അയച്ചു. രാജ്ഘട്ട്, നമോഘട്ട്, ഗ്യാൻവാപി, റെയിൽവേ സ്റ്റേഷൻ, ജുമാ മസ്ജിദ്, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ രാജ്യത്തെ പ്രധാന ഇടങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പാകിസ്താന് കൈമാറിയിട്ടുണ്ട്.
പാകിസ്താനിലുള്ള 600ലധികം മൊബൈൽ നമ്പറുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു. പാകിസ്താനിലെ ഫൈസലാബാദ് സ്വദേശിനിയായ യുവതിയുമായി പ്രതി ഫെയ്സ്ബുക്ക് വഴി സംസാരിക്കുമായിരുന്നു. ഇവരുടെ ഭർത്താവ് പാക് സൈനികനാണെന്നാണ് റിപ്പോർട്ട്.