ശ്രീനഗർ: ജമ്മുവിലെ വനാതിർത്തി പ്രദേശമായി കിഷ്ത്വാറിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാല് ഭീകരർക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. സൈന്യത്തിലെ എലൈറ്റ് പാരാ കമാൻഡോകൾ, കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, സിആർപിഎഫ് തുടങ്ങിയ ടീമുകൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഭീകരർ കിഷ്ത്വാറിലെ ചത്രോ വനമേഖലകളിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. സിംഗ്പോറ, ബെയ്ഗ്പോറ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഇടതൂർന്ന പൈൻമരങ്ങൾ ധാരാളം ഉള്ളതിനാൽ കണ്ടെത്തുക ശ്രമകരമാണ്. തെരച്ചിലിനായി പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് തെരച്ചിൽ നടന്നത്.