ബെംഗളൂരു: കോൺഗ്രസിനെയും അവരുടെ നേതാവ് രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തി യെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കും മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും എതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ കർണാടക ഹൈക്കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു .
ജസ്റ്റിസ് എസ്. രാച്ചയ്യയുടെ അവധിക്കാല ബെഞ്ചാണ് എഫ്‌ഐആറുകൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. യൂത്ത് കോൺഗ്രസിന്റെ ലീഗൽ സെൽ മേധാവി ബി.എൻ. ശ്രീകാന്ത് സ്വരൂപിന്റെ പരാതിയിൽ ഹൈഗ്രൗണ്ട്സ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ നിയമസാധുത ചോദ്യം ചെയ്ത് ഇരുവരും ബംഗളുരു ഹൈക്കോടതിയെ സമീപിചിരുന്നു.
തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്ററിന്റെ ചിത്രം തെറ്റായി പ്രദർശിപ്പിച്ചതിനായിരുന്നു അർണാബ് ഗോസ്വാമിക്കെതിരെ കേസെടുത്തത്. തെറ്റായ ഒരു ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ചാനൽ പിന്നീട് വ്യക്തമാക്കി, ഖേദം പ്രകടിപ്പിച്ചു.
തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്ററിന്റെ ചിത്രം തെറ്റായി വ്യാഖ്യാനിച്ച ടിവി റിപ്പോർട്ട് അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പുറമേ, രാഹുലിന്റെ പാകിസ്താൻ പക്ഷ പാത നിലപാടുകളെ പരാമർശിച്ചു കൊണ്ട് പകുതി രാഹുലും പകുതി പാകിസ്ഥാൻ ആർമി മേധാവി ആസിഫ് മുനീറുംആയുള്ള ഒരു ചിത്രവും അമിത് പോസ്റ്റ് ചെയ്തിരുന്നു.