ധാക്ക: ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം പടരുന്നു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് രാജിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) നേതാവ് നിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബിബിസി ബംഗ്ലായും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഇന്ന് രാവിലെ മുതൽ രാജി വാർത്ത കേൾക്കുന്നു. വിഷയം ചർച്ച ചെയ്യാൻ അദ്ദേഹത്തെ കാണാൻ പോയി. രാജിയെ കുറിച്ച് ചിന്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു’, നിദ് ഇസ്ലാം പറയുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കൂട്ടായ്മയാണ് നാഷണൽ സിറ്റിസൺ പാർട്ടി. യൂനുസിന്റെ വലംകൈ എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് ഇസ്ലാം.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഇടക്കാല സർക്കാരിനെതിരെ ആയിരങ്ങളെ പങ്കെടുപ്പിച്ച് വൻ പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം വിദ്യാർത്ഥി പ്രക്ഷോഭത്തിന് പ്രധാന പങ്കുവഹിച്ച സൈന്യവും യൂനുസുമായുള്ള ബന്ധം വഷളായതായും റിപ്പോർട്ടുണ്ട്. ഡിസംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. 2026 ജൂണിൽ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു യൂനുസിന്റെ നീക്കം. എന്നാൽ ഈ വർഷം തന്നെ തെരഞ്ഞെടുപ്പ് എന്നതാണ് ഇടക്കാല സർക്കാരിനെ പിന്തുണയ്‌ക്കുന്ന കക്ഷികളുടെ നിലപാട്.
അതേസമയം, ഹസീനയെ പോലെ യൂനുസിന്റെ താഴെയിറക്കാൻ വീണ്ടും യുവാക്കളെയും ഇസ്ലാമിസ്റ്റുകളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സൈന്യവും രാഷ്‌ട്രീയ പാർട്ടികളും കോപ്പുക്കുട്ടുന്നുവെന്നും സൂചനയുണ്ട്.