റായ്പൂർ: ഛത്തീസ്ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രദേശവാസികൾ. ജവാന്മാരെ തിലകം ചാർത്തി നാരായൺപൂർ ജില്ലയിലെ പ്രദേശവാസികൾ സ്വാഗതം ചെയ്തു. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് പ്രദേശവാസികൾ സംഘടിപ്പിച്ചത്.
ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും നാട്ടുകാർ ജവാന്മാരെ സ്വീകരിച്ചു. പ്രദേശത്ത് കനത്ത മഴ ഉണ്ടായിട്ടും അതൊന്നും വക വയ്‌ക്കാതെയായിരുന്നു നാട്ടുകാരുടെ ആഘോഷം. പ്രദേശവാസികളോടൊപ്പം ജവാന്മാരും നൃത്തം ചെയ്തു. മധുരം വിതരണം ചെയ്താണ് നാട്ടുകാർ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചത്.
തലയ്‌ക്ക് 13.5 കോടിയോളം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിലാണ് ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് എന്ന് പേരിൽ തെരച്ചിൽ നടന്നത്. മാവോയിസ്റ്റ് സംഘത്തിന്റെ കമാൻഡർ ബസവരാജ് ഉൾപ്പെടെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലാണ് ഈ ഓപ്പറേഷനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിൽ ആദ്യമായാണ് സുരക്ഷാസേന മാവോയിസ്റ്റ് സംഘത്തിന്റെ തലവനെ വകവരുത്തുന്നതെന്നും ഇത് പ്രശംസനീയമാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.