കുട കരുതാൻ സമയമായി; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

Published by
Janam Web Desk

തിരുവനന്തപുരം : അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനുള്ള സാധ്യതയുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി മാറി. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയാണുള്ളത്. മെയ് 24 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്‌ക്കും മെയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

ഇന്ന് (വെള്ളിയാഴ്ച) ആറ് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ കാസർകോഡ് ജില്ലകൾക്ക് റെഡ് അലർട്ട്, മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Leave a Comment