ന്യൂഡൽഹി: യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി. തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആലപ്പുഴ ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് സനൽ ഇടമറുക് സുപ്രീംകോടതിയെ സമീപിച്ചത്.
ആലപ്പുഴ സ്വദേശിനിയായ പ്രമീളകുമാരിയാണ് സനൽ ഇടമറുകിനെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തത്. ഫിൻലൻഡിൽ വിദ്യാഭ്യാസ വിസയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതേ കേസിൽ ഫിൻലൻഡ് കോടതിയിൽ വിചാരണ നേരിട്ടുവെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ശിക്ഷിച്ചെന്നുമാണ് സനൽ ഇടമറുക് കോടതിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഓരേ കുറ്റത്തിന് രണ്ട് വിചാരണ നേരിടേണ്ട എന്നാണ് അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. 2020ൽ ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത് ഈ കേസിലാണെന്നും പ്രമീളയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ഫിൻലൻഡിൽ സ്ഥിര താമസമാക്കിയ സനൽ മാർച്ച് അവസാനം പോളണ്ടിൽ വച്ചാണ് അറസ്റ്റിലായത്. റെഡ്കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസ് റദ്ദാക്കണമെന്നാവശ്യം സുപ്രീംകോടതി തള്ളിയതോടെ ഫിൻലൻഡിലെ ജയിലിൽ കഴിയുന്ന സനൽ ഇടമറുകിനെ ഇന്ത്യയിലെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും.