എറണാകുളം: നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്‌ക്കെതിരെയും ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെയും സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ വനിത കമ്മീഷൻ നിർദേശിച്ചു. വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാത്കാർ ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.
നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും നാളുകളായി കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ വീട്ടിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. അച്ഛന്റെ അനുജനായ യുവാവാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടി നിരന്തരം ലൈംഗിക ചൂഷ്ണത്തിന് ഇരയായെന്നും വ്യക്തമായിട്ടുണ്ട്.