റാഞ്ചി: ഝാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന. ലത്തേഹാറിൽ നടന്ന ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പപ്പു ലോഹറാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ നാരായൺപൂരിൽ മാവോയിസ്റ്റ് കമാൻഡർ ബസവരാജുവിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റൊരു സംഘത്തലവന്റെ വധം.
ഝാർഖണ്ഡിൽ പ്രവർത്തിച്ചിരുന്ന ജൻ മുക്തി പരിഷത്തിന്റെ നേതാവായിരുന്നു പപ്പു ലോഹർ. തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട ഇയാളുടെ സഹായി പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാളെ പിടികൂടിയിട്ടുണ്ട്.
എൻഐഎയും തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസ് സേനകളും തെരയുന്ന കൊടും കുറ്റവാളിയായിരുന്നു 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച ബസവരാജു. നാരായൺപൂരിൽ രണ്ട് ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.