‘ശ്രീരാമന്റെ പേരിൽ ജില്ല വേണ്ടാ’, രാമനഗര ജില്ലയുടെ പേര് മാറ്റി കർണാടക സർക്കാർ : എതിർപ്പുമായി ബിജെപിയും ജനതാദളും

Published by
Janam Web Desk

ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് മാറ്റി സംസ്ഥാനസർക്കാർ. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ജില്ലയാണ് ഇത്. അദ്ദേഹം ഈ ജില്ലയിലെ കനകപുര നിയമസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ബെംഗളൂരു സൗത്ത് ജില്ല എന്ന പുതിയ പേര് നിർദ്ദേശിച്ചതും അദ്ദേഹമാണ്.

കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രാമനഗര ജില്ലയിൽ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ ഉൾപ്പെടുന്നുണ്ട്.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ ബിജെപിയും ജനതാദളും രംഗത്ത് വന്നു. ഒരു രാഷ്‌ട്രീയക്കാരന്റെ “ഭൂമിയുടെ വില വർദ്ധിപ്പിക്കാനുള്ള” വെറും തന്ത്രമാണിതെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശേഷിപ്പിച്ചു. തങ്ങൾ അധികാരത്തിൽ വരുമ്പോൾ പേരുമാറ്റം പിൻവലിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഭൂമിയുടെ വില വർധിപ്പിക്കാനുള്ള ഉപമുഖ്യമന്ത്രിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് പേരുമാറ്റമെന്നും ഇതിന്റെ പിന്നിലെ രഹസ്യ അജണ്ട വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

“അവർ എന്നേക്കും അധികാരത്തിൽ തുടരുമോ? ഇപ്പോൾ അവർ ചെയ്തത് നേരെ തിരിച്ചാകും. എല്ലാത്തിനുമുപരി, ഈ മനുഷ്യൻ (ഡി കെ ശിവകുമാർ) ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ഭൂമിയുടെ മൂല്യം വർദ്ധിപ്പിക്കാൻ തന്ത്രങ്ങൾ പയറ്റാൻ അദ്ദേഹത്തിന് അറിയാം. രാമനഗര ജില്ല ഇതിനകം തന്നെ കർഷകരുടെ ഭൂമിക്ക് മൂല്യം കൊണ്ടുവന്നില്ലേ?”എച് ഡി കുമാരസ്വാമി ചോദിച്ചു.

ജെഡിഎസ് യുവജന വിഭാഗം പ്രസിഡൻ്റ് നിഖിൽ കുമാരസ്വാമിയും രാമ നഗരയുടെ പേര് മാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ നീക്കത്തിൽ പ്രീണന രാഷ്‌ട്രീയമുണ്ടെന്ന് നിഖിൽ കുമാരസ്വാമി ആരോപിച്ചു. “ഈ സ്ഥലവും അതിന്റെ പേരും അതിൻ്റേതായ പ്രത്യേകത കൊണ്ട് പ്രധാനമാണ്. എന്തുകൊണ്ടാണ് അവർ അതിന്റെ പേര് മാറ്റുന്നത്? ചില വിഭാഗങ്ങളെ വശീകരിക്കാൻ ചില ഹിഡൻ അജണ്ടകളുണ്ട്,” നിഖിൽ കുമാരസ്വാമി പറഞ്ഞു.

അവർ (കോൺഗ്രസ്) രാമനഗരയിലെ “രാമ” എന്ന നാമത്തെ വെറുക്കുന്നതുപോലെ തോന്നുന്നു, ഇതാണ് ഈ നിർദ്ദേശം കൊണ്ടുവരാൻ അവരെ പ്രേരിപ്പിച്ചത്.” നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ.അശോകൻ പറഞ്ഞു.

Share
Leave a Comment