കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ടവർ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലുമാണ് ടവർ ചെരിഞ്ഞത്. വെള്ളക്കെട്ടിലായിരുന്നു ടവർ സ്ഥാപിച്ചിരുന്നത്. കാറ്റും മഴയും തുടർന്നാൽ ടവർ നിലംപൊത്തുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ജില്ലയിൽ വ്യാപക കൃഷിനാശവുമുണ്ടായി. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ ഭാഗങ്ങളിലാണ് കൃഷി നാശം റിപ്പോർട്ട് ചെയ്തത്. കൂടാതെ നിരവധി വീടുകൾക്ക് കേടുപാടു സംഭവിച്ചിട്ടുണ്ട്. മണിക്കൂറുകളോളം വൈദ്യുതിയും തടസ്സപ്പെട്ടു.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധിച്ചു. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.