കോഴിക്കോട്: ബേപ്പൂരിലെ ലോഡ്‌ജ് മുറിയിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി സോളമനാണ് മരിച്ചത്. സോളമനൊപ്പം മുറിയിൽ ഉണ്ടായിരുന്ന നാലു പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
ബേപ്പൂർ ഹാർബർ ജംഗ്ഷനിലെ ത്രീ സ്റ്റാർ ലോഡ്ജിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോഡ്ജുടമ രാവിലെ മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ വാതിലിന് പുറത്ത് രക്തം കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ ലോഡ്ജുടമ മുറി തുറന്ന് പരിശോധിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കന്യാകുമാരി സ്വദേശി അനീഷാണ് ഇവിടെ മുറിയെടുത്തത്. മറ്റൊരു ലോഡ്ജിൽ താമസിച്ചിരുന്ന സോളമൻ വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ എത്തിയത്. അനീഷിന്റെ നാല് സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു. അനീഷ് രണ്ട് ദിവസം മുമ്പ് നാട്ടിൽ പോയിതായാണ് വിവരം. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.