തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടകരമായ വസ്തുക്കൾ അടങ്ങിയ കാർഗോ വീണതായി മുന്നറിയിപ്പ്. അതീവ അപകടകരമായ വസ്തുക്കൾ ആണെന്നും കാർഗോ തീരത്ത് അടിഞ്ഞാൽ അടുത്തേയ്‌ക്ക് പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
അന്താരാഷ്‌ട്ര പാതയിലൂടെ പോയ കപ്പലിൽ നിന്ന് കടൽക്ഷോഭത്തെ തുടർന്ന് ആറു മുതൽ എട്ട് കണ്ടെയ്‌നറുകൾ വരെ കടലിൽ വീണു എന്നാണ് വിവരം. മദ്ധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ജാഗ്രത നിർദ്ദേശമുള്ളത്. അടുത്ത കാലത്തൊന്നും ഇത്തരം മുന്നറിയിപ്പ് ഉണ്ടായിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡ് ലഭിച്ച വിവരത്തെ തുടർന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. തീരത്ത് കണ്ടെയ്‌നറുകൾ കണ്ടാൽ പൊലീസിനെ അറിയിക്കുകയോ 112ൽ വിളിക്കുകയോ ചെയ്യണം. മറൈൻ ഗ്യാസ് ഓയിലാണ് കാർഗോയിലുള്ളതെന്നും ഇത് കത്തിപ്പിടിക്കാൻ സാദ്ധ്യതയുള്ളതാണെന്നുമാണ് വിവരം.















