ന്യൂഡെല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2025 ജനുവരി 20 നാണ് എല്‍ഐസി ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. ജനുവരി 20 ന് ഇന്ത്യയിലുടനീളമുള്ള എല്‍ഐസിയുടെ 4,52,839 ഏജന്റുമാര്‍ 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിജയകരമായി ചേര്‍ത്തെന്ന് കമ്പനി അറിയിച്ചു.
‘ഞങ്ങളുടെ ഏജന്റുമാരുടെ അശ്രാന്ത സമര്‍പ്പണം, വൈദഗ്‌ദ്ധ്യം, അക്ഷീണമായി ജോലി ചെയ്യാനുള്ള ആത്മാര്‍ത്ഥത എന്നിവയുടെ ശക്തമായ സാധൂകരണമാണിത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുപ്രധാന സാമ്പത്തിക സംരക്ഷണം നല്‍കാനുള്ള ഞങ്ങളുടെ ദൗത്യത്തോടുള്ള ഞങ്ങളുടെ ആഴത്തിലുള്ള പ്രതിബദ്ധതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു,’ എല്‍ഐസി പ്രസ്താവനയില്‍ പറഞ്ഞു.
2025 ജനുവരി 20 ന് ‘മാഡ് മില്യണ്‍ ഡേ’യില്‍ എല്ലാ ഏജന്റുമാരും കുറഞ്ഞത് ഒരു പോളിസിയെങ്കിലും ചേര്‍ക്കണമെന്ന് എല്‍ഐസി എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ മൊഹന്തി അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതാണ് റെക്കോഡ് നേട്ടത്തിലേക്ക് എത്തിയത്. ‘മാഡ് മില്യണ്‍ ഡേ’ ചരിത്രപരമാക്കിയതിന് എല്ലാ ഉപഭോക്താക്കള്‍ക്കും ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കും മൊഹന്തി നന്ദി പറഞ്ഞു.