മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

Published by
Janam Web Desk

മുംബൈ: മാവോയിസ്റ്റ് ആധിപത്യം പുലർത്തിയിരുന്ന മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളി ജില്ലയിലെ കത്തേഝാരി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ്
തുടങ്ങി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് ഭീകരതയെ നേരിടുന്നതിനുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് നടത്തുന്ന വിശാലമായ നീക്കത്തിന്റെ ഭാഗമായാണ് കത്തേഝാരിയിൽ പൊതുഗതാഗത സംവിധാനം നിലവിൽ വന്നത്.

കിഴക്കൻ മഹാരാഷ്‌ട്രയിൽ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോളി പതിറ്റാണ്ടുകളായി മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഒരു ശക്തികേന്ദ്രമാണ്. സ്വാധീനം നിലനിർത്താൻ കമ്മ്യൂണിസ്റ്റ് ഭീകരർ പ്രദേശത്തിന്റെ ഒറ്റപ്പെടലും വികസന പിന്നോക്കാവസ്ഥയും ചൂഷണം ചെയ്യുന്നു. മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസിന്റെ വരവ്, കത്തേഝാരിയെയും സമീപത്തുള്ള ഏകദേശം 10 ഓളം ഗ്രാമങ്ങളെയും വിശാലമായ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കും.അവശ്യ സേവനങ്ങൾ ലഭിക്കുന്നതിന് കാൽനട യാത്രയെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങൾക്ക് ബസ് സർവീസ് ആശ്വാസമാകും

“ഇത് വെറുമൊരു ബസ് മാത്രമല്ല, ഈ ഗ്രാമത്തിലെ ജനങ്ങൾക്കും, സമീപത്തുള്ള 10 ഗ്രാമങ്ങളിലെ താമസക്കാർക്കും ഇതിൽ നിന്ന് വിദ്യാഭ്യാസവും തൊഴിലും നേടാൻ കഴിയുന്ന ഒരു വികസന മാർഗമാണ്,” ഗഡ്ചിരോളിയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ജഗദീഷ് പാണ്ഡെ പറഞ്ഞു. ബസ് സർവീസ് ഏർപ്പെടുത്തിയതിലൂടെ ഈ ഗ്രാമപ്രദേശത്തെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനും മോവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment