ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

Published by
Janam Web Desk

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന്റെയും നേർചിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വൻ വിജയത്തിന് ശേഷമുള്ള മൻ കി ബാത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന്റെ 122-ാമത് പതിപ്പാണ് ഇന്ന് പ്രക്ഷേപണം ചെയ്തത്.

പാകിസ്താന് കൃത്യവും മൂർച്ചയുമുള്ള തിരിച്ചടി നൽകിയ സായുധ സേനയെ അദ്ദേഹം പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റയും  നേർചിത്രമാണെന്ന് മോദി പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യയും  ഒപ്പം സൈനികരുടെ ആത്മധൈര്യവുമാണ് വിജയത്തിന് അടിസ്ഥാനം.

ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ ആത്മവിശ്വാസവും ഊർജ്ജവും പകർന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധീര ജവാൻമാർക്ക് ആദരം ആർപ്പിച്ചു കൊണ്ട് ഇന്ത്യയിലുടനീളം നടന്ന തിരംഗ യാത്രകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

കഴിഞ്ഞ മൻ കി ബാത്തിൽ (121 എപ്പിസോഡിൽ) തീവ്രവാദികൾക്കും അവരെ പിന്തുണയ്‌ക്കുന്നവർക്കും “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പഹൽഗാം രക്തസാക്ഷി കുടുംബങ്ങൾക്ക് “നീതി നടപ്പാക്കപ്പെടുമെന്നും” ഉറപ്പ് നൽകിയിരുന്നു. ഒരാഴ്ചയ്‌ക്ക് ശേഷമായിരുന്നു പാക് ഭീകര താവളങ്ങൾ ചുട്ടുകരിച്ച ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്.

Share
Leave a Comment