ക്വെറ്റ: പ്രശസ്ത ബലൂച് പത്രപ്രവർത്തകൻ അബ്‌ദുൾ ലത്തീഫ് ബലൂച്ചിനെ വെടിവച്ചുകൊന്ന് പാക് ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധസേന. കഴിഞ്ഞ ദിവസം അവറാൻ ജില്ലയിലെ മഷ്‌കെയിലുള്ള തന്റെ വീട്ടിൽ വച്ചാണ് അബ്‌ദുൾ ലത്തീഫ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഭാര്യയുടെയും കുട്ടികളുടെയും കൺമുന്നിൽ വച്ച് അദ്ദേഹത്തിനുനേരെ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു.
യുദ്ധത്തിൽ തകർന്ന ബലൂച് പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെയും ചെറുത്തുനിൽപ്പുകളെയും കുറിച്ചുള്ള നിർഭയമായ റിപ്പോർട്ടിംഗിന് അബ്ദുൾ ലത്തീഫ് പരക്കെ ആദരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ അടിച്ചമർത്തപ്പെട്ടവർക്ക് ശബ്ദം നൽകുകയും പാകിസ്താൻ സൈനിക നടപടികൾക്ക് കീഴിൽ ബലൂച് സമൂഹങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിളിച്ചുപറയുകയും ചെയ്തു.
പാക് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുന്ന ബലൂച് മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ ഭയാനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബലൂച് ആക്ടിവിസ്റ്റുകൾ വിശേഷിപ്പിക്കുന്ന പാകിസ്താന്റെ “കിൽ ആൻഡ് ഡമ്പ്” നയത്തിന്റെ ഭാഗമാണ് ഈ കൊലപാതകവും. അബ്ദുൾ ലത്തീഫിന്റെ മകൻ സെയ്ഫ് ബലൂച്ചിനെയും മറ്റ് ഏഴ് കുടുംബാംഗങ്ങളെയും സുരക്ഷാ സേന ബലമായി പിടിച്ചുകൊണ്ടുപോവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.