ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്ക് പാകിസ്താനിൽ വിഐപി ആനുകൂല്യങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. ഇത് തെളിയിക്കുന്ന രേഖകൾ ജ്യോതി മൽഹോത്രയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ജ്യോതി മൽഹോത്രയും പാകിസ്താനികളും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് വ്യക്തമാകുന്ന ചാറ്റുകളും ചിത്രങ്ങളും കണ്ടെത്തി. മൊബൈൽ ഫോണിൽ നിന്നും കോൾ റെക്കോർഡുകൾ, വീഡിയോകൾ, സാമ്പത്തിക ഇടപാടുകൾ, മറ്റ് ഫോറൻസിക് രേഖകൾ എന്നിവ പിടിച്ചെടുത്തു. ഡിജിറ്റൽ ഫോറൻസിക് തെളിവുകൾ ഇത്തരം കേസുകളിൽ നിർണായക പങ്കുവഹിക്കുന്നു.
അതേസമയം, ആയുധധാരികളായ പാകിസ്താനികളോടൊപ്പം നിൽക്കുന്ന ജ്യോതിയുടെ വീഡിയോ അന്വേഷണസംഘം ശേഖരിച്ചു. ലാഹോറിലെ ഒരു മാർക്കറ്റിലൂടെ നടക്കുന്ന ദൃശ്യങ്ങൾ ജ്യോതിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
ലാഹോറിലെ തിരക്കേറിയ റോഡിലൂടെ നടക്കുന്ന ആയുധധാരികളായ യുവാക്കളെ വീഡിയോയിൽ കാണാം. എകെ 47 റൈഫിളുകളാണ് പാകിസ്താനികളുടെ കയ്യിലുള്ളത്. പിന്നീട് യുവാക്കളുടെ ഇടയിലേക്ക് ജ്യോതി മൽഹോത്ര പോവുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആയുധങ്ങൾ കയ്യിൽ പിടിച്ച യുവാക്കളുമായി ജ്യോതി ഏറെ നേരം സംസാരിക്കുകയും പാകിസ്താനെ പുകഴത്തുകയും ചെയ്യുന്നു.















