മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിലേക്ക് സംസ്ഥാന കോൺഗ്രസ് ഘടകം നീങ്ങുന്നതായി സൂചന.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്നലെ ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഷൗക്കത്തിനെതിരെ ആരോപണങ്ങളുമായി പി വി അന്‍വര്‍ രംഗത്തു വന്നു.
“ഇന്നത്തെ രാഷ്‌ട്രീയസാഹചര്യത്തില്‍ താന്‍ മുന്നോട്ടുവെച്ച വി.എസ്. ജോയിയുടെ സ്ഥാനാര്‍ഥിത്വം പരിഗണിക്കപ്പെടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, അത് ഉണ്ടായില്ല. കോണ്‍ഗ്രസില്‍ ജോയിക്ക് ഗോഡ്ഫാദറില്ല. അതിനാല്‍ അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്” അന്‍വര്‍ പറഞ്ഞു.
“ഷൗക്കത്തിനെ സംബന്ധിച്ച് നിലമ്പൂരിലെ ജനങ്ങളിലുള്ള പ്രതികരണം തനിക്കറിയാം. അതുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയം ആലോചിച്ച് ചെയ്യണമെന്ന് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞത്. അദ്ദേഹം ഒരു ഘട്ടത്തില്‍, രണ്ടുമാസം മുന്‍പ് സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയാന്‍ ശ്രമം നടത്തിയതാണ്. കോണ്‍ഗ്രസുകാര്‍ക്കൊക്കെ ഇതറിയാം. സിപിഎം അത് പരിഗണിക്കുകയും പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ ഒരു കാരണവശാലും സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് നിലമ്പൂരിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും എടുത്തതിന്റെ ഫലമായാണ് അദ്ദേഹം അതില്‍നിന്ന് പിന്‍വാങ്ങിയത്” അന്‍വര്‍ ആരോപിച്ചു.
”ഷൗക്കത്ത് മറുപാളയത്തിലേക്ക് പോകാന്‍ ശ്രമിക്കുകയും അവിടെനിന്ന് രക്ഷയില്ലാതെ തിരിച്ചുവരികയും ചെയ്തു. ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തെ നിലമ്പൂരിലെ ജനങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന്, അദ്ദേഹത്തിന് പിന്തുണ നല്‍കുമോ ഇല്ലയോ എന്ന് പഠിക്കേണ്ടതുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ പഠനത്തിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനമെടുക്കും. കൂടിയാലോചനയെടുത്ത് തീരുമാനമെടുക്കും. ഈ രണ്ടുദിവസത്തെ സമയം ആ മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്‍ക്ക് സംസാരിക്കേണ്ടതുണ്ട്. സമുദായ-സാംസ്‌കാരിക നേതാക്കളുമായി സംസാരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അഭിപ്രായം സ്വീകരിച്ചുകൊണ്ടുള്ള നിലപാടായിരിക്കും സ്വീകരിക്കുക. അതുവരെ പ്രചാരണത്തിനിറങ്ങില്ല”, അൻവർ തുടർന്ന് പറഞ്ഞു.
സ്ഥാനാർത്ഥിയായി അൻവർ നിർദേശിച്ച വിഎസ് ജോയിയെ മുൻ നിർത്തി ക്രിസ്ത്യൻ കാർഡ് ഇറക്കാനും പി വി അൻവർ ശ്രമിച്ചു.
വിഎസ് ജോയിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഇന്ന് കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍ ഇല്ലെന്നത് എല്ലാവര്‍ക്കും അറിയാമെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തവര്‍ കോണ്‍ഗ്രസില്‍ ഓരോ കാലഘട്ടത്തിലും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ട് പൊയ്‌ക്കൊണ്ടിരിക്കും എന്നും അൻവർ പറഞ്ഞു.
“അക്കൂട്ടത്തില്‍ ജോയിയും സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടു. പക്ഷേ ജോയി സൈഡ്‌ലൈന്‍ ചെയ്യപ്പെടുമ്പോള്‍ ജോയ് മാത്രമല്ല സൈഡ് ലൈന്‍ ചെയ്യപ്പെടുന്നത്. ഈ മലയോര കര്‍ഷകര്‍കൂടിയാണ്. ഈ കമ്യൂണിറ്റി കൂടിയാണ്. അവിടുത്തെ സമൂഹമാണ്. കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ പ്രയാസം അനുഭവിക്കുന്നത് മലയോര മേഖലയിലെ മനുഷ്യരാണ്. അതിസങ്കീര്‍ണമായ പ്രശ്‌നമാണ്. പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒന്‍പത് കൊല്ലമായി തിരിഞ്ഞുനോക്കാത്ത മേഖലയാണ് മലയോര കര്‍ഷകരുടെ മേഖല”, അന്‍വര്‍ ആരോപിച്ചു
ഇതേ തുടർന്ന് ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് കരുതുന്നു. മുസ്‌ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ഷമുണ്ടായിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എ പി അനില്‍കുമാറിന്റെ പ്രതികരണത്തോടെ അന്‍വറിനോടുള്ള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പി വി അന്‍വറുമായി സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നും അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്‌ക്കട്ടെയെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേരുന്നു വെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ കണക്കാക്കുന്നത്.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.















