ഛണ്ഡീഗഢ്: മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ വൻ വെടിവയ്പ്. ഹരിയാനയിലെ യമുനാനഗറിലാണ് സംഭവം. മദ്യവിൽപ്പനശാലയ്‌ക്ക് നേരെ 12 തവണയാണ് അക്രമി വെടിവച്ചത്. മുഖംമുടി ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്ത് നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ക്രൈംബ്രാഞ്ചും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവയ്പിൽ മദ്യവിൽപ്പനശാലയുടെ മുൻഭാഗം തകർന്നു. അക്രമിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അക്രമികൾ കവർച്ചയ്‌ക്ക് ശ്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ആളാണെന്നും മദ്യവിൽപ്പനശാലയുടെ ഉടമയുമായുള്ള വ്യക്തി വൈരാഗ്യമാകാം അക്രമത്തിന് കാരണമെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെ യമുനാനഗറിൽ നടന്ന വെടിവയ്പ്പിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ കവർച്ചയും കൊലപാതകങ്ങളും വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രദേശത്തെ ഗുണ്ടാസംഘങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.















