ടെഹ്‌റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്‌ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇറാൻ സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി ചർച്ചക്കുള്ള സന്നദ്ധത അറിയിച്ചത്.
കശ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാമെന്നാണ് ഷഹബാസ് ഷരീഫ് പറയുന്നത്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്താനിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്ന പാകിസ്താന്റെ നിലപാട് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾക്ക് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനായി പാക്ക് പ്രധാനമന്ത്രി ഇപ്പോൾ സൗഹൃദ രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലാണ്. തിങ്കളാഴ്ച പാക്ക് പ്രധാനമന്ത്രി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സന്ദർശിച്ചതായി പിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.