കണ്ണൂർ : യു ഡി എഫുമായി ഇടഞ്ഞ പി വി അൻവറിനെ സംരക്ഷിക്കാൻ രംഗത്തിറങ്ങി മുൻ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പി.വി.അൻവർ യുഡിഎഫുമായി ഇടഞ്ഞിട്ടില്ലെന്ന് കെ.സുധാകരൻ പറയുന്നു.
“നിലമ്പൂർ സ്ഥാനാർഥിയുടെ കാര്യത്തിൽ അദ്ദേഹത്തിന് എതിരഭിപ്രായമുണ്ടായിരുന്നു എങ്കിലും അത് അംഗീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി” സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘കോൺഗ്രസ് നേതാക്കൻമാർ ഐക്യകണ്ഠേനയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതിൽ അൻവറിന് നീരസം ഉണ്ടായത് സ്വാഭാവികമാണ്. അതൊന്നും കോൺഗ്രസും അൻവറും തമ്മിലുള്ള ബന്ധത്തിൽ പോറൽ ഏൽപ്പിക്കില്ല. സ്വന്തം പാർട്ടിക്കകത്തു തന്നെ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വഭാവികമാണ്. അൻവറിനെ നേരിട്ട് കണ്ട് വിശദമായി സംസാരിച്ചു.’’സുധാകരൻ പറഞ്ഞു.
പി വി അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്നും അൻവറുമായി വിശദമായി സംസാരിച്ചിരുന്നു എന്നും അൻവറും യുഡിഎഫും തമ്മിൽ പ്രശ്നങ്ങളില്ല എന്നും കെ സുധാകരൻ പറഞ്ഞു.
“വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും അത് പ്രകടിപ്പിക്കുക സ്വാഭാവികം. മുന്നണിക്കകത്ത് അൻവർ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അൻവറിന്റെ താല്പര്യങ്ങൾ പരമാവധി സംരക്ഷിക്കും, “കെ സുധാകരൻ പറഞ്ഞു.
എന്നാൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.