തൊടുപുഴ: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. റോഡിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുപ്പതാം തീയതി വരെയാണ് രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്
റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് രാത്രി യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്.
ദുരന്തനിവാരണ നിയമമനുസരിച്ചാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കൊച്ചി ധനുഷ്കോടി ദേശീയപാത 85 ൽ ഗതാഗത നിയന്ത്രണമുണ്ട്. ഇരുട്ടുകാലം കല്ലാർ വട്ടയാർ വഴി രണ്ടാം മൈൽ വരെയാണ് ഗതാഗതം നിരോധനം ഉള്ളത്. കഴിഞ്ഞദിവസം കരടിപാറക്ക് സമീപം ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞു പോയിരുന്നു.ഈ റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ല എന്ന് കണ്ടാണ് നടപടി. മൂന്നാറിൽ കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങളും കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള വാഹനങ്ങൾ ആനച്ചാൽ വഴി ഉപയോഗിക്കണമെന്ന് ഉത്തരവുണ്ട്.















