ന്യൂഡൽഹി: പാകിസ്താന് ശ്കതമായ തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂറിനിടെ അതിർത്തി ഗ്രാമങ്ങളിൽ അണിനിരന്ന സൈനികർക്ക് വിശപ്പകറ്റാൻ സഹായിച്ച പഞ്ചാബി ബാലനെ ആദരിച്ച് സൈന്യം. ഫിറോസ്പൂർ ജില്ലയിലെ പത്തുവയസുകാരനായ ശ്രാവൺ സിംഗ് ആണ് ആ കുഞ്ഞു ഹീറോ. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള പഞ്ചാബിലെ വയലുകളിൽ നൂറുകണക്കിന് പട്ടാളക്കാരാണ് സംഘർഷ സമയത്ത് നിലയുറപ്പിച്ചത്. ഇവർക്ക് കൊടുചൂടിൽ ആശ്വാസമേകാൻ വെള്ളവും പാലും ലസ്സിയും ഐസും എത്തിച്ച് നൽകിയത് ശ്രാവൺ സിംഗ് ആയിരുന്നു.
പ്രാദേശിക കർഷകനായ സോന സിംഗിന്റെ മകനാണ് ശ്രാവൺ സിംഗ്. പലരും ഭയത്താൽ വീടിന് പുറത്തിറങ്ങാതിരുന്നപ്പോൾ അവൻ ദിവസവും സൈനികർക്ക് സഹായവുമായെത്തി അവർ ഒരിക്കലും ഒറ്റയ്‌ക്കല്ലെന്ന് അവരെ ഓർമ്മിപ്പിച്ചു. “എനിക്ക് പേടി തോന്നിയില്ല. വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണം. പട്ടാളക്കാർക്ക് വേണ്ടി ഞാൻ വെള്ളവും ലസ്സിയും ഐസും കൊണ്ടുവന്നിരുന്നു. അവർ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു,” ശ്രാവൺ സിംഗ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് അചഞ്ചലമായ മനസ്സോടെ തന്റെ രാഷ്‌ട്രത്തെ സേവിച്ച വലിയ ഹൃദയമുള്ള ഒരു കൊച്ചുകുട്ടിയെ സൈന്യവും മറന്നില്ല.ബാലന്റെ സേവനമനോഭാവത്തിന് സേനയും അർഹമായ ആദരം നൽകി. ഏഴാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ രഞ്ജിത് സിംഗ് മൻറാൾ, ശ്രാവൺ സിംഗിനെ ഒരു ചടങ്ങിൽ ആദരിച്ചു. ബാലന് ഒരു മെമന്റോ, ഇഷ്ട ഭക്ഷണം, അവന്റെ പ്രിയപ്പെട്ട വിഭവമായ ഐസ്ക്രീം എന്നിവ സമ്മാനമായി നൽകി.















