പനാമ സിറ്റി: രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടിയാണ് നൽകിയതെന്ന് ശശി തരൂർ എംപി. ഓപ്പറേഷൻ സിന്ദൂറിന്റെ ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന് നേതൃത്വം നൽകി പ്രതിനിധി സംഘത്തിനൊപ്പം പാനമയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയൂ എന്നാണ് ഭീകരർ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യയുടെ മറുപടി വ്യക്തമായെന്നും എം പി പറഞ്ഞു.
പനാമ അസംബ്ലി പ്രസിഡന്റ് ഡാന കാസ്റ്റനേഡയും സംഘവുമായുള്ള കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികൾ അദ്ദേഹം വിശദീകരിച്ചു. അതിർത്തി കടന്നുള്ള ഭീകരത ഇന്ത്യ അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ നടപടി തുടരുമെന്നും ശശി തരൂർ വ്യക്തമാക്കി.
“ഞങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്, വ്യത്യസ്ത രാഷ്‌ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. പക്ഷേ ദേശീയ താൽപ്പര്യത്തിന് മുന്നിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. ഏപ്രിൽ 22-നാണ് പഹൽഗാം ഭീകരാക്രമണം നടന്നത്. കുറ്റവാളികൾക്കെതിരെ പാക് സർക്കാറിന്റെ നടപടിക്കായി ഞങ്ങൾ കാത്തിരുന്നു. എന്നാൽ അവർ ഒന്നു ചെയ്തില്ല. രണ്ടാഴ്ചയ്‌ക്ക് ശേഷം മെയ് 7-ന്, പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ ആസ്ഥാനം ഞങ്ങൾ ആക്രമിച്ചു,” ശശി തരൂർ വിശദീകരിച്ചു.
“ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ടാായിരുന്നില്ല, എന്നാൽ ഒരു ഭീകരവാദി പോലും ശിക്ഷിക്കപ്പെടാതിരിക്കരുതെന്ന് ഞങ്ങൾ നിർബന്ധമുണ്ടായിരുന്നു. പാക് സ്പോൺസേഡ് ഭീരാക്രമണങ്ങൾ അവസാനമായെന്ന് ഞങ്ങൾ കരുതുന്നില്ല. നാളെ നിർഭാഗ്യവശാൽ വീണ്ടുമൊരു ആക്രമണമുണ്ടായാൽ പനാമ ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇത്തരം വിഷയങ്ങളിൽ പനാമയുമായി ധാരണയുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ” തരൂർ പറഞ്ഞു.
” ഇന്ത്യയെ തൊട്ടുകളിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് ഭീകരർക്ക് മനസ്സിലായ വർഷങ്ങളാണ് കടന്നുപോയത്. കാർഗിൽ യുദ്ധസമയത്ത് പോലും ഞങ്ങൾ നിയന്ത്രണ രേഖ കടന്നിരുന്നില്ല. 2015 ൽ ഉറിയിൽ നിയന്ത്രണ രേഖ ലംഘിച്ച് സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019 ജനുവരിയിൽ നിയന്ത്രണ രേഖ മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയും കടന്ന് ബാലകോട്ടിലെ തീവ്രവാദ ആസ്ഥാനം ആക്രമിച്ചു. ഇത്തവണ നിയന്ത്രണ രേഖയും അന്താരാഷ്‌ട്ര അതിർത്തിയും അതിനപ്പുറവും കടന്നാണ് പാകിസ്താന്റെ ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചത്” രാജ്യത്തി നിലപാട് ശശി തരൂർ വ്യക്തമാക്കി.
ഗയാന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പനാമ സിറ്റിയിലെത്തിയത്. പ്രതിനിധി സംഘത്തിൽ എംപിമാരായ സർഫറാസ് അഹമ്മദ്, ജിഎം ഹരീഷ് ബാലയോഗി, ശശാങ്ക് മണി ത്രിപാഠി, തേജസ്വി സൂര്യ , ഭുവനേശ്വർ കലിത, മല്ലികാർജുൻ ദേവ്ദ, മിലിന്ദ് ദേവ്‌റ, യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു എന്നിവരും ഉൾപ്പെടുന്നു.















