ബെംഗളൂരു:കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഇസ്രായേൽ ഡെപ്യൂട്ടി കോൺസൽ ജനറൽ ഇൻബാൽ സ്റ്റോണുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
“ഇന്ന് വിധാൻ സൗധയിൽ വെച്ച് ഇസ്രായേൽ കോൺസുലേറ്റ് ജനറൽ ഡെപ്യൂട്ടി കോൺസൽ ജനറൽ ശ്രീമതി ഇൻബാൽ സ്റ്റോണിനെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തുന്നു. ജൂൺ 5 ന് നടക്കുന്ന ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ അവർ സ്നേഹപൂർവ്വം ക്ഷണിച്ചു . കർണാടകയും ഇസ്രായേലും തമ്മിൽ നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നീ മേഖലകളിൽ വളർന്നുവരുന്ന പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, വരും വർഷങ്ങളിൽ ഞങ്ങളുടെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കുറിച്ചു.
നേരത്തെയും ഇസ്രായേല്‍ പരിപാടിയില്‍ ഡി കെ ശിവകുമാർ പങ്കെടുത്തിരുന്നു.ബെംഗളൂരുവിലെ ഐഐഎസ്‌സിയിൽ മൈസൂർ ലാൻസേഴ്സ് ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഡി.കെ ശിവകുമാറും കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവും പങ്കെടുത്തത്. പരിപാടിയില്‍ ഇസ്രായേലിന്റെ പതാക ഉയര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ശിവകുമാറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.















