ഐപിഎൽ 18-ാം സീസണിന്റെ ഒന്നാം ക്വാളിഫയർ ഇന്ന് രാത്രി ഛണ്ഡിഗഡിലെ മുല്ലൻപൂരിൽ നടക്കും. 18-ാം വർഷമായി തുടരുന്ന കിരീട വരൾച്ചയ്‌ക്ക് അറുതിയിടാനാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സും രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് ഇറങ്ങുന്നത്.പഞ്ചാബ് 11 വർഷങ്ങൾക്ക് ശേഷവും ആർസിബി ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിലുമാണ് ക്വാളിഫയർ ഒന്ന് കളിക്കുന്നത്.
അവസാന ലീഗ് മത്സരത്തിൽ മുംബൈയെ തോൽപ്പിച്ച് പഞ്ചാബ് ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചപ്പോൾ ലക്നൗവിനെ തുരത്തിയാണ് ബെംഗളൂരു രണ്ടാം സ്ഥാനമുറപ്പിച്ചത്. ഇതുവരെ 35 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ 18 തവണ പഞ്ചാബും 17 തവണ ആർ.സി.ബിക്കുമൊപ്പമായിരുന്നു ജയം.
അതേസമയം മഴയോ മറ്റു കാരണങ്ങളാലോ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ പഞ്ചാബ് ഫൈനലിലേക്ക് കടക്കും. ആർ.സി.ബി ക്വാളിഫയർ രണ്ടിൽ കളിക്കേണ്ടിവരും. പോയിന്റ് ടേബിളിലെ സ്ഥാനമാണ് അതിന് അടിസ്ഥാനം. രണ്ടു ടീമിനും 21 പോയിന്റാണുള്ളതെങ്കിലും നെറ്റ് റൺറേറ്റിൽ മുൻതൂക്കം പഞ്ചാബിനാണ്. ഇതാണ് അവർക്ക് ഗുണം ചെയ്യുന്നത്. ക്വാളിഫയർ ഒന്നിന് റിസർവ് ഡേയില്ല.