ന്യൂഡൽഹി: യൂണിഫോം നവീകരണത്തിനൊരുങ്ങി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ജവാൻ മാർക്കായി ബിഎസ്എഫ് പുതിയ കാമഫ്ലേജ് പാറ്റേൺ യൂണിഫോം അവതരിപ്പിച്ചു. യൂണിഫോമിന്റെ നിറം അന്തിമമാക്കിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ജവാന്മാരെ പുതിയ യൂണിഫോമിൽ കാണാമെന്നാണ് പ്രതീക്ഷയെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
2022 ൽ ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും അതത് സേനകൾക്കായി ഡിജിറ്റൽ കാമഫ്ലേജ് യൂണിഫോമുകൾ അവതരിപ്പിച്ചിരുന്നു. നിലവിലുള്ള ബിഎസ്എഫ് യൂണിഫോമിൽ നിന്ന് വ്യത്യസ്തമായി, 50% കോട്ടണും 50% പോളിസ്റ്ററും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പുതിയ യൂണിഫോം 80% കോട്ടൺ, 19% പോളിസ്റ്റർ, 1% സ്പാൻഡെക്സ് എന്നിവ അടങ്ങിയതായിരിക്കും. വ്യത്യസ്ത കാലാവസ്ഥകളിൽ ജവാൻമാർക്ക് ശ്വസിക്കാൻ കഴിയുന്നതും ധരിക്കാൻ സുഖകരവുമായിരിക്കും ഇത്. സ്പാൻഡെക്സ് മെറ്റീരിയൽ വസ്ത്രത്തിന്റെ ഇലാസ്തികതയും ഉറപ്പാക്കും.
50% കാക്കി, 45% പച്ച, 5% തവിട്ട് നിറങ്ങളായിരിക്കും പുതിയ യൂണിഫോമിന് നൽകുക. നിലവിലുള്ള യൂണിഫോമിൽ പാറ്റേൺ തുണിയിൽ അച്ചടിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പുതിയവയ്‌ക്ക് അത് ഫൈബറിനുള്ളിൽ സീൽ ചെയ്യും. ഇത് വസ്ത്രത്തിന്റെ നിറം മങ്ങുന്നത് കുറയ്‌ക്കും. യൂണിഫോമിന്റെ ഡിജിറ്റൽ പ്രിന്റിന്റെ പകർപ്പവകാശവും ബിഎസ്എഫ് എടുത്തിട്ടുണ്ട്.
നിലവിൽ 2,70,000 ബിഎസ്‌എഫ് സൈനികരാണുള്ളത്, ഇവർ പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഭീകരവിരുദ്ധ, മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിലും ഈ സേന പങ്കാളികളാണ്.















