ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ് അന്തരിച്ചു. 75 വയസായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അഭിനയത്തിന് പുറമേ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു രാജേഷ്. മലയാളത്തിലെ നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിട്ടുണ്ട്. മുരളിക്ക് വേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമോ, റാം എന്നീ ചിത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയിരുന്നു. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ദേവി എന്ന ചിത്രത്തിൽ ജോയ് മാത്യുവിനും ശബ്ദം നൽകിയിട്ടുണ്ട്.
‘അവൾ ഒരു തൊടർക്കഥൈ’ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. കന്നി പരുവതിലെ, തനി മരം, തൈപ്പൊങ്കൽ, നാൻ നാനേതാൻ, അന്ധ 7 നാട്കൽ തുടങ്ങിയ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കെ ബാലചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘അച്ചമില്ലൈ അച്ചമില്ലൈ’ എന്ന ചിത്രത്തിന് അദ്ദേഹം ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.















