ഭോപ്പാൽ: ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യയുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മദ്ധ്യപ്രദേശിലെ ചിത്രകൂട് ആശ്രമത്തിലെത്തിയാണ് കരസേന മേധാവി അദ്ദേഹത്തെ സന്ദർശിച്ചത്. ആശ്രമത്തിലെ അന്തേവാസികൾക്കും പൊതുജനങ്ങൾക്കുമായി നിർമിച്ച സദ്ഗുരു നേത്ര ചികിത്സാലയത്തിന്റെ സിമുലേറ്റർ മെഷീൻ ഉദ്ഘാടനം ചെയ്യാനാണ് ഉപേന്ദ്ര ദ്വിവേദി എത്തിയത്. കൂടിക്കാഴ്ചയ്‌ക്കിടെ പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കണമെന്ന് കരസേനാ മേധാവിയോട് ജഗദ്ഗുരു ദക്ഷിണയായി ആവശ്യപ്പെട്ടതായാണ് വിവരം.
സദ്ഗുരു ചികിത്സാലയത്തിലെ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപേന്ദ്ര ദ്വിവേദി സന്ദർശിച്ചു. മദ്ധ്യപ്രദേശിൽ തന്നെ ആദ്യമായാണ് സിമുലേറ്റർ മെഷീൻ കൊണ്ടുവരുന്നത്. ഇന്ത്യയിൽ നാല്, അഞ്ച് മെഷീനുകൾ മാത്രമാണ് നിലവിലുള്ളത്. ചികിത്സാകേന്ദ്രത്തിനെ കുറിച്ചുള്ള വിശദവിവരങ്ങൾ കരസേന മേധാവിയുമായി സംസാരിച്ചു. 140 നേത്ര ശസ്ത്രക്രിയ വിദഗ്ധരാണ് ഇവിടെ പ്രവർത്തിക്കുന്നത്.















