തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഡ്രോൺ പറത്തിയത് കൊറിയൻ യുവതിയെന്ന് സംശയം. എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കൊറിയൻ വ്ളോഗറുടെ വിശദാംശങ്ങൾ പൊലീസ് തേടി. രണ്ടു ദിവസം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം യുവതി എത്തിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 10ാം തീയതി രാത്രി പത്തര മണിയോടെയാണ് കിഴക്കേ നടയിലെ പത്മതീർത്ഥ കുളത്തിന് സമീപം ഡ്രോൺ കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിന് കുറുകെ ഡ്രോൺ പറന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൊറിയൻ വ്ലോഗറുടെ യാത്രയുടെ ഉദ്ദേശവും ഇവരുടെ ചരിത്രവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഡ്രോൺ നിരോധിത മേഖലയാണ് പത്മനാഭ സ്വാമി ക്ഷേത്ര പരിസരം. ഇവിടെ വീഡിയോ- ഫോട്ടോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഡ്രോൺ ചിത്രീകരണത്തിലെ ദുരൂഹത വർദ്ധിക്കുന്നത്. ക്ഷേത്രവും പരിസരവും അതീവ സുരക്ഷവലയത്തിലാണ്. ഒപ്പം സിസിടിവി ക്യാമറയുമുണ്ട്. അതീവ സുരക്ഷ മേഖലയിലെ ഡ്രോൺ സാന്നിധ്യം പൊലീസിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.















